മലയാളികളുടെ പ്രിയപ്പെട്ട സുജാത മോഹന് ഇന്ന് 59ാം പിറന്നാൾ… | Happy Birthday Sujatha Mohan

കഴിഞ്ഞ നാലര പതിറ്റാണ്ടായി മലയാളിയുടെ മനസ്സിൽ ശുദ്ധസംഗീതത്തിന്റെ തേൻമഴ പൊഴിച്ചുകൊണ്ടിരിക്കുന്ന ഗായിക സുജാത മോഹന് ഇന്ന് 59ാം പിറന്നാൾ… ഡോ. വിജയേന്ദ്രന്റെയും ലക്ഷ്മിയുടെയും മകളായി 1963 മാർച്ച് 31നു കൊച്ചിയിലാണ് സുജാത ജനിച്ചത്…

എട്ടാം വയസ്സിൽ കലാഭവനിൽനിന്ന് സംഗീതം അഭ്യസിച്ചു തുടങ്ങി. കലാഭവൻ സ്ഥാപകൻ ആബേലച്ചൻ രചിച്ച് പുറത്തിറക്കിയ നിരവധി ക്രിസ്തീയ ഭക്തിഗാനആൽബങ്ങളിൽ സ്ഥിരം സാന്നിധ്യമായിരുന്നു സുജാത. നെയ്യാറ്റിൻകര വാസുദേവൻ, കല്യാണസുന്ദരം ഭാഗവതർ, ഓച്ചിറ ബാലകൃഷ്ണൻ എന്നിവരുടെ കീഴിൽ ശാസ്ത്രീയ സംഗീതം അഭ്യസിച്ച സുജാത ഒമ്പതാം വയസ്സുമുതൽ യേശുദാസിനൊപ്പം ഗാനമേളകളിൽ പാടിത്തുടങ്ങി. രണ്ടായിരത്തോളം ഗാനമേളകളിൽ യേശുദാസിനൊപ്പം പാടിയ സുജാത അക്കാലത്ത് കൊച്ചുവാനമ്പാടി എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്.

1975 മാര്‍ച്ചില്‍ സുജാതയും യേശുദാസും ജനയുഗം വാരികയ്ക്കു മുഖചിത്രമായപ്പോൾ…

1975ൽ പുറത്തിറങ്ങിയ ‘ടൂറിസ്റ്റ് ബംഗ്ലാവ്’ എന്ന ചിത്രത്തിന് വേണ്ടി പാടിയാണ് സുജാത പിന്നണി ഗാനരംഗത്ത് എത്തുന്നത്. അതേ വർഷം ‘കാമം ക്രോധം മോഹം‘ എന്ന ചിത്രത്തിൽ യേശുദാസിനൊപ്പം പാടിയ സ്വപ്നം കാണും പെണ്ണേ… എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടു. തുടർന്ന് കർപ്പൂര ദീപങ്ങൾ, ദൂരെ കിഴക്കുദിച്ചു, പൂവേ തുടങ്ങി സൂപ്പർ ഹിറ്റായ നിരവധി ഗാനങ്ങൾ.ഇളയരാജയുടെ സംഗീതത്തിൽ കവികുയിൽ എന്ന ചിത്രത്തിലൂടെ തമിഴിലേക്ക് ചേക്കേറിയ ഗായിക റോജയിലെ പുതുവെള്ളൈ മഴൈ എന്ന പാട്ടിലൂടെ സംഗീതലോകത്ത് സ്ഥാനം ഉറപ്പിച്ചു. പുതിയ മുഖം, ജെന്റിൽമാൻ, ഡ്യുയറ്റ്, കാതലൻ, പുതിയ മന്നർഗൾ, ബോംബെ, ഇന്ദിര, മുത്തു, ജീൻസ് തുടങ്ങിയ നിരവധി ചിത്രങ്ങൾക്ക് വേണ്ടി പാടിയിട്ടുണ്ട്. മലയാളത്തിലും ഹിന്ദിയിലും തമിഴിലുമായി ഏകദേശം പതിനായിരത്തിലധികം ഗാനങ്ങൾ പാടിയ സുജാത, മികച്ച പിന്നണി ഗായികയ്ക്കുള്ള കേരള സർക്കാരിന്റെ പുരസ്കാരം നാല് തവണയും തമിഴ്നാട് സർക്കാരി‌‌‌‌‌‌ന്റെ പുരസ്കാരം മൂന്ന് തവണയും സ്വന്തമാക്കി.

ആലാപന ശൈലിയിൽ വ്യത്യസ്തത പുലർത്തുന്ന സുജാതയുടെ സ്വരം നിത്യ ഹരിത നാദമായി വിലയിരുത്തപ്പെടുന്നു. പതിറ്റാണ്ടുകളായി മലയാളി ഹൃദയങ്ങളിൽ മധു പൊഴിക്കുന്ന ഭാവഗായിക ഇനിയും ചലച്ചിത്ര മേഖലയെ സംഗീതസാന്ദ്രമാക്കട്ടെ….


ജന്മദിനാശംസകൾ….

Share Post

More Posts

Bridal Stories