റോഡ് യാത്രക്കാരുടെ ശ്രദ്ധയ്ക്ക്… ചീറിപ്പായേണ്ട…​ നിരത്തിൽ പരിശോധനാ കണ്ണുകളുണ്ട്… ഇൻഷുറൻസ്, പുക സർട്ടിഫിക്കറ്റുകൾ വരെ ക്യാമറ പരിശോധിക്കും…

നിരത്തിലെ നിയമലംഘകരെ പിടികൂടാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്(നിർമിത ബുദ്ധി) ക്യാമറകൾ സ്ഥാപിച്ചു മോട്ടർ വാഹനവകുപ്പ്. റോഡപകടങ്ങൾ കുറയ്ക്കാനും നിയമ ലംഘനങ്ങൾ തടയാനും നിരത്തുകളിലെ കുറ്റകൃത്യങ്ങൾ കണ്ടെത്താനുമാണ് സംസ്ഥാനത്തെ പ്രധാന റോഡുകളിൽ 726 നിർമിത ബുദ്ധി ക്യാമറകൾ സ്ഥാപിക്കുന്നത്.

സേഫ് കേരള പദ്ധതിയുടെ ഭാഗമായി റോഡ് സുരക്ഷാ അതോറിറ്റിയുടെ നേതൃത്വത്തിലാണ് ക്യാമറകൾ സ്ഥാപിക്കുന്നത്. മോട്ടർ വാഹന വകുപ്പിന് വേണ്ടി ക്യാമറകൾ സ്ഥാപിക്കുന്നതും സാങ്കേതിക സഹായം നൽകുന്നതും കെൽട്രോണിന്റെ മേൽനോട്ടത്തിലാണ്. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലാണ് ക്യാമറകൾ സ്ഥാപിക്കുന്നത്.

ജില്ലയിൽ പ്രധാനപ്പെട്ട ജംക‍്ഷനുകൾ റോഡുകൾ അപകട മേഖലകൾ എന്നിവിടങ്ങളിലായി 50 ക്യാമറകൾ സ്ഥാപിച്ചു കൊട്ടാരക്കരയിലെ ട്രാഫിക് എൻഫോഴ്സ്മെന്റ് കൺട്രോൾ റൂം കേന്ദ്രീകരിച്ചാകും ക്യാമറകളുടെ പ്രവർത്തനം നിയന്ത്രിക്കുക. കൂടുതൽ സ്ഥലങ്ങളിൽ ക്യാമറ സ്ഥാപിക്കുമെന്നും കൊട്ടാരക്കരയിലെ കൺട്രോൾ റൂമിന്റെ പ്രവർത്തനം ഉടൻ ആരംഭിക്കുന്നതോടെ ക്യാമറകൾ പ്രവർത്തിച്ചു തുടങ്ങുമെന്നും മോട്ടർ വാഹന വകുപ്പ് അധികൃതർ അറിയിച്ചു.

ഹെൽമെറ്റ് ധരിക്കാത്തവർ, സീറ്റ് ബെൽറ്റ് ധരിക്കാത്തവർ, മൊബൈൽ ഫോണിൽ സംസാരിച്ചു വാഹനം ഓടിക്കുന്നവർ, ട്രാഫിക് സിഗ്നലുകൾ ലംഘിക്കുന്നവർ, വാഹനങ്ങളിൽ എക്സ്ട്രാ ഫിറ്റിങ്സ് നടത്തിയത്, നോ പാർക്കിങ് മേഖലകളിൽ വാഹനം പാർക്ക് ചെയ്തവർ എന്നിങ്ങനെ വാഹനം ഓടിക്കുമ്പോൾ പാർക്ക് ചെയ്യുമ്പോൾ ഉണ്ടാകാവുന്ന എല്ലാ നിയമലംഘനങ്ങളും ക്യാമറകൾ കണ്ടെത്തും. കൂടാതെ മുൻ സീറ്റിലെ യാത്രികൻ സീറ്റ് ബെൽറ്റ് ധരിക്കാത്തതും, ഇരുചക്ര വാഹനങ്ങളിൽ പിൻസീറ്റ് യാത്രക്കാരൻ ഹെൽമെറ്റ് ധരിക്കാത്തത്, ബൈക്കിൽ മൂന്ന് പേർ സഞ്ചരിക്കുന്നത്, അപകടകരമായ ഡ്രൈവിങ് എന്നിവയെല്ലാം ക്യാമറകൾ കണ്ടെത്തും.

അതീവ സുരക്ഷാ നമ്പർ പ്ലേറ്റുകൾ കൂടുതൽ കർശനമാകുന്നതോടെ ഇൻഷുറൻസ്, പുക പരിശോധന സർട്ടിഫിക്കറ്റ്, ഫിറ്റ്നസ് സർട്ടിഫിക്കറ്റ് എന്നിവയില്ലാതെ നിരത്തിലിറങ്ങുന്ന വാഹനങ്ങളെയും ക്യാമറകൾ കണ്ടെത്തും. നിർമിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന ക്യാമറകൾ 4ജി കണക്ടിവിറ്റിയുള്ള സിം കാർഡുകൾ ഉപയോഗിച്ചാണ് വിവര കൈമാറ്റം നടത്തുന്നത്. രാത്രിയും പകലും പ്രവർത്തിക്കുന്ന ക്യാമറകൾ നിർമിത ബുദ്ധി ഉപയോഗിച്ച് നിയമലംഘനങ്ങൾ നടത്തിയ വാഹനങ്ങൾ കണ്ടെത്തി ചിത്രങ്ങൾ തിരുവനന്തപുരത്തെ കൺട്രോൾ റൂമിലേക്ക് നൽകുകയും അവിടെ നിന്ന് വാഹൻ ഡേറ്റാബേസിൽ നിന്ന് വാഹന ഉടമയുടെ വിവരങ്ങൾ ശേഖരിച്ച് കൊട്ടാരക്കരയിലെ കൺട്രോൾ റൂമിലേക്ക് കൈമാറും. തുടർന്ന് വാഹന ഉടമയുടെ വീട്ടിലേക്ക് പിഴ അടയ്ക്കാനുള്ള നോട്ടിസ് തപാലിൽ അയയ്ക്കും.

കൊല്ലം നഗരത്തിൽ നിരീക്ഷണം ഇവിടെ

കൊല്ലം നഗരത്തിൽ എസ്എൻ കോളജ് ജക‍്ഷൻ, കർബലയിൽ നിന്ന് റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്ന റോഡ്, രാമൻകുളങ്ങര, ശക്തികുളങ്ങര, കരിക്കോട്, പാരിപ്പള്ളി (ചടയമംഗലം, പരവൂർ റോഡുകൾ), ചാത്തന്നൂർ ( തിരുമുക്ക്, കെഎസ്ആർടിസി ബസ് സ്റ്റാൻഡ് ജംക‍്ഷൻ), കൊട്ടിയം(കൊല്ലം ഭാഗത്തേക്കുള്ള ദേശീയ പാത, കണ്ണനല്ലൂർ റോഡ്), പുനലൂർ(കൊട്ടാരക്കര റോഡ്), കരുനാഗപ്പള്ളി ( കരുനാഗപ്പള്ളി,പുതിയകാവ് ജംക‍്ഷനുകൾ), കൊട്ടാരക്കര, ചടയമംഗലം, ഓച്ചിറ ബൈപാസ്, അഞ്ചൽ, കുണ്ടറ മുക്കട, ശാസ്താംകോട്ട, മടത്തറ, നിലമേൽ, കടയ്ക്കൽ, ഓയൂർ, കണ്ണനല്ലൂർ, മുഖത്തല, കുളത്തൂപ്പുഴ, തെന്മല, എഴുകോൺ, ടൈറ്റാനിയം ജംക‍്ഷൻ, ചക്കുവള്ളി, ഭരണിക്കാവ്, പത്തനാപുരം, പുത്തൂർ, കുന്നിക്കോട്, ഓടനാവട്ടം, എഴുകോൺ, കരിക്കകം, തഴവ, ആലപ്പാട്, വേട്ടുതറ, പാവൂർ വയൽ, നെടുമൺകാവ് എന്നിവിടങ്ങളിലാണ് ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നത്.

Share Post

More Posts

Bridal Stories