വ്യത്യസ്തവും ആരോഗ്യകരവും രസകരമായൊരു ഹര്‍ത്താലുമായി കണ്ണൂർ ജില്ലയിലെ കണിച്ചാര്‍ പഞ്ചായത്ത് ശ്രദ്ധേയമാകുന്നു. ഇതുവരെ കേട്ടിട്ടില്ലാത്ത ഒരു ഹര്‍ത്താലിനാണ് ഇന്ന് പഞ്ചായത്ത് സാക്ഷ്യം വഹിക്കുന്നത്. ഇതുവരെ ആരും കേൾക്കാൻ കൂടി സാധ്യത ഇല്ലാത്ത ഒരു ഹര്‍ത്താല്‍, പഞ്ചാര ഹര്‍ത്താല്‍..! കേള്‍ക്കുമ്പോള്‍ തന്നെ ഒരു കൗതുകവും മധുരവും തോന്നുന്നില്ലേ. എന്നാല്‍, ഇന്ന് പഞ്ചായത്തില്‍ ലോക പ്രമേഹ ദിനമായ നവംബർ 14ന് മധുരമുണ്ടാകില്ല എന്നതാണ് ഈ ഹര്‍ത്താലിന്റെ സവിശേഷത. എല്ലാ വീടുകളിലും പഞ്ചസാര ബഹിഷ്കരിക്കും. ഹോട്ടലുകളില്‍ മധുരമില്ലാത്ത ചായ മാത്രമേ നല്‍കൂ. കടകളില്‍ പഞ്ചസാര വില്‍ക്കില്ല. നവംബർ 14 ലോക പ്രമേഹ ദിനത്തോടനുബന്ധിച്ചു ഒരു ദിവസം പഞ്ചസാര മുഴുവനായി പഞ്ചായത്തിൽ ഉപേക്ഷിച്ചു കൊണ്ട്, വർദ്ധിച്ചു വരുന്ന പ്രമേഹ രോഗത്തിനെതിരെ ഒരു ബോധവത്കരണം നടത്താനാണ് ഈ ഹർത്താൽ പഞ്ചായത്ത് ആഹ്വാനം ചെയ്തത്.
പഞ്ചായത്തിന്റെ ഫേസ്ബുക്ക് പേജിലെ പോസ്റ്റ് വായിക്കാം…
“നാളെ “പഞ്ചാര” ഹർത്താൽ .
തികച്ചും വ്യത്യസ്തമായ ഒരു ഹർത്താലിന് കണിച്ചാർ പഞ്ചായത്ത് നിങ്ങളെ ആഹ്വാനം ചെയ്യുകയാണ്. നവംബർ 14 ലോക പ്രമേഹ ദിനത്തോടനുബന്ധിച്ചു ഒരു ദിവസം പഞ്ചസാര മുഴുവനായി നമ്മുടെ പഞ്ചായത്തിൽ ഉപേക്ഷിച്ചു കൊണ്ട്, വർദ്ധിച്ചു വരുന്ന പ്രമേഹ രോഗത്തിനെതിരെ ഒരു ബോധവത്കരണം നടത്താനാണ് നമ്മൾ ഉദ്ദേശിക്കുന്നത് .
നാളെ എല്ലാ വീടുകളിലും പഞ്ചസാര ഉപയോഗിക്കാതെയും , കടകളിൽ പഞ്ചസാര വിൽക്കാതെയും , ഹോട്ടലുകളിൽ വിതൗട്ട് ചായ നൽകിയുമാണ് ഈ “പഞ്ചാര ” ഹർത്താൽ നമ്മൾ ആചരിക്കേണ്ടത് .
പ്രമേഹം വളർന്നുവരുന്ന ഒരു ആഗോള മാരകരോഗമാണ്. 2017-ലെ കണക്കുപ്രകാരം 72 മില്യൺ ഇന്ത്യക്കാർ പ്രമേഹബാധിതരാണ്. രോഗബാധിതരിൽ 40 ശതമാനവും ഇന്ത്യയിലാണെന്നതാണ് യാഥാർത്ഥ്യം. കേരളത്തെ പ്രമേഹത്തിന്റെ തലസ്ഥാനം ആയിട്ടാണ് വിശേഷിപ്പിക്കുന്നത്.
പ്രമേഹം ഒരു ജീവിതശൈലീരോഗമാണ്. ജീവിതശൈലിയിൽ വന്നിരിക്കുന്ന മാറ്റങ്ങൾ കൊണ്ടാണ് കഴിഞ്ഞ 30 വർഷത്തിൽ പ്രമേഹരോഗികളുടെ എണ്ണം ഇരട്ടിച്ചത്. ഉയർന്ന കലോറി ഭക്ഷണങ്ങൾ വിലകുറഞ്ഞ് സുലഭമായി ലഭിക്കുന്നതിനാൽത്തന്നെ പ്രമേഹം സാധാരണക്കാരിലും വളർന്നുവരുന്നു.
അതിനാൽ ഈ ബോധവത്കരണ ഹർത്താലിൽ പങ്കാളികളാകാൻ എല്ലാവരെയും ക്ഷണിക്കുകയാണ്. കൂട്ടായ സഹകരണത്തോടെ നമുക്കു “പഞ്ചാര” ഹർത്താലിനെ വിജയിപ്പിക്കാം.
നമ്മുടെ അടുത്ത തലമുറയ്ക്ക് ഒരു നല്ല സന്ദേശം നൽകാം .
ഒരുമിച്ച് മുന്നേറാം 💪”