ഏഴൂര്‍ പി.സി. പടിയില്‍ തിങ്കളാഴ്ച രാത്രി 240 അടുപ്പുകളില്‍ ഒരുമിച്ചു തീതെളിഞ്ഞപ്പോള്‍ അത് 54 വൃക്കരോഗികള്‍ക്ക് ജീവിതത്തിലേക്കുള്ള തിരിനാളമായി. അഭയം ഡയാലിസിസ് സെന്ററിലെത്തുന്ന വൃക്കരോഗികളുടെ ജീവന് രക്ഷിക്കാനുള്ള പണം കണ്ടെത്താനാണ് പാലടപ്പായസ ചാലഞ്ച് നടത്തിയത്. 2013-ലാണ് അഭയം ഡയാലിസിസ് സെന്റര്‍ പ്രവര്‍ത്തനം തുടങ്ങിയത്. സൗജന്യമായി ഡയാലിസിസ് ചെയ്തുകൊടുക്കാന്‍ മാസം ആറുലക്ഷം രൂപ ചിലവുവരും. കോവിഡ് കാലത്ത് വരുമാനം നിലച്ച് ഡയാലിസിസ് കേന്ദ്രം അടച്ചുപൂട്ടലിന്റെ വക്കിലായതോടെയാണ് പായസ ചാലഞ്ച് നടത്താന്‍ തീരുമാനിച്ചത്.
54 വൃക്കരോഗികളുടെ സൗജന്യ ചികിത്സയാണ് ഈ പായസ ചലഞ്ചിലൂടെ നടപ്പിലാവുന്നത്. 40,000 ലിറ്റര്‍ പാലടപ്പായസം ലിറ്ററിന് 250 രൂപ നിരക്കില്‍ വിതരണം ചെയ്ത് 80 ലക്ഷം രൂപ ഇതുവഴി സമാഹരിച്ചു ഈ കാരുണ്യക്കൂട്ടായ്മ.
40,000 ലിറ്റര്‍ പാലും 7000 കിലോ പഞ്ചസാരയും 3000 കിലോ അടയും 200 കിലോ വെണ്ണയും 30 ടണ്‍ പുളിമരവിറകും 6000 ലിറ്റര്‍ വെള്ളവും ഉപയോഗിച്ചാണ് പാലടപ്പായസം തയ്യാറാക്കിയത്. 4000 കിലോ പഞ്ചസാര തിരൂര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് സംഭാവന ചെയ്തു. ലൈറ്റ് ആന്‍ഡ് സൗണ്ട് വെല്‍ഫെയര്‍ അസോസിയേഷന് സൗജന്യമായി 240 ചെമ്പും ചരക്കും പാത്രങ്ങളും നല്കി. 300-ലേറെ പാചകക്കാരും സ്നേഹതീരത്തിന്റെ 1000-ലേറെ വോളന്റിയര്‍മാരും യജ്ഞത്തിനു പിന്നിലുണ്ട്. മലപ്പുറം, പാലക്കാട് ജില്ലകളില്‍ നിന്നായി പാചകക്കാരെ സൗജന്യമായി എത്തിച്ചത്.