Ann Mariya Biju from, Kannur, Chemperi, Nirmala Higher Secondary School, won first prize in ‘artistic handwriting’ category at the World Handwriting Contest, based in New York. 16-year-old Ann Mariya Biju is the second of three children of Kudiyanmala native Chandrankunnel Biju Jose, a TV mechanic, and Swapna. Ann is self-taught and she has perfected her skill through continuous practice.
ലോക കൈയെഴുത്ത് മത്സരത്തിൽ ഇംഗ്ളീഷ് അതിമനോഹരമായി എഴുതി വിജയിയായി ഒരു മലയാളി പെൺകുട്ടി. ചെമ്പേരി നിർമല ഹയർസെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥിനി ആൻമരിയയാണ് ന്യൂയോർക്ക് ആസ്ഥാനമായ ഹാൻഡ് റൈറ്റിങ് ഫോർ ഹ്യുമാനിറ്റി സംഘടിപ്പിച്ച മത്സരത്തിൽ ആർട്ടിസ്റ്റിക് വിഭാഗത്തിൽ ഒന്നാംസ്ഥാനം നേടിയത്.






അമ്മയുടെ സഹോദരി ഡോ.ക്രിസ്റ്റീനാ ഫ്രാൻസിസിന്റെ നിർദേശപ്രകാരം ആണ് ആൻമരിയ മത്സരത്തിന് ഓൺലൈനായി അപേക്ഷ നൽകിയത്. നിരന്തരമായ പരിശ്രമത്തിലൂടെയാണ് മനോഹരമായ കൈയക്ഷരം ആൻമരിയ കരസ്ഥമാക്കിയത്.
ചെറിയ ക്ലാസില്‍ പഠിക്കുമ്പോഴേ വളരെ മനോഹരമായിരുന്നു ആന്‍മരിയയുടെ കൈയക്ഷരങ്ങള്‍. സാമൂഹിക മാധ്യമത്തെയാണ് കാലിഗ്രഫി കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് ആന്‍മരിയ ആശ്രയിച്ചത്. നിരന്തരമായ പരിശ്രമമായിരുന്നു കൂട്ട്. മലയാളത്തിലും ഇംഗ്ലീഷിലും ആന്‍മരിയ കാലിഗ്രഫി ചെയ്യുമെങ്കിലും തനിക്ക് കൂടുതല്‍ എളുപ്പമായി തോന്നുന്നത് ഇംഗ്ലീഷ് ആണെന്ന് ആൻ മരിയ പറഞ്ഞു. കൂടുതല്‍ ക്രിയേറ്റീവ് ആകാൻ കഴിയുമെന്നതാണ് കാരണം. ആന്‍മരിയയ്ക്ക് പ്രത്യേകം കൈയക്ഷര പരിശീലനത്തിന് ആവശ്യമായ പ്രത്യേകതരം പേനയും നിബും എല്ലാം മേടിച്ചുകൊടുത്ത് മാതാപിതാക്കൾ കൂടെ നിന്നു.
കണ്ണൂർ ജില്ലയിൽ കുടിയാന്മലയ്ക്കടുത്തുള്ള അരീക്കമല സ്വദേശിയും ടി.വി മെക്കാനിക്കുമായ ചന്ദ്രൻകുന്നേൽ ബിജു ജോസിന്റെയും സ്വപ്നയുടെ മകളാണ് ആൻമരിയ. സഹോദരൻ അലൻ ബിജു പ്ലസ്ടു വിദ്യാർഥിയും സഹോദരി അമല ആറാം ക്ലാസ് വിദ്യാർഥിനിയുമാണ്.
