ഉത്തരകേരളത്തിന് ഇനി തെയ്യത്തിന്റെ താളം

Kalarivattom Theyyam

കോവിഡ് മഹാമാരി കവര്‍ന്ന രണ്ടു വര്‍ഷത്തിനുശേഷം കളിയാട്ടക്കാലം സജീവമാകുകയാണ് ഉത്തര കേരളത്തില്‍. തുലാപ്പത്തോടെ തെയ്യക്കോലങ്ങളുടെ പുറപ്പാടായി. പിന്നീട് ഇടവപ്പാതി വരെയുള്ള ആറു മാസം കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളിലെ ഗ്രാമങ്ങള്‍ തെയ്യക്കോലങ്ങളുടെ ചുവടുകളിലും അനുപമമായ നിറങ്ങളിലും തോറ്റംപാട്ടിലും ലയിച്ചുചേരും.

തുലാം ഒന്നോടെ തെയ്യങ്ങള്‍ രംഗത്തെത്തുമെങ്കിലും പത്താമുദയത്തോടെയാണു കാവുകള്‍ സജീവമാകുന്നത്. തുലാപ്പത്തിനു തെയ്യക്കോലം കെട്ടുന്നവര്‍ കാവുകളിലും അമ്പലങ്ങളിലും പ്രത്യേക പൂജകള്‍ നടത്തും. കാസര്‍ഗോഡ് ജില്ലയിലെ നീലേശ്വരം അഞ്ഞൂറ്റമ്പലം കാവിലാണ് ആദ്യം കളിയാട്ടം. ഇടവത്തില്‍ നീലേശ്വരം മന്നംപുറത്ത് കാവിലും കണ്ണൂര്‍ പഴയങ്ങാടി മാടായിക്കാവിലും വളപട്ടണം കളരിവാതുക്കലിലുമായി തെയ്യങ്ങള്‍ ചുവട് വയ്ക്കുന്നതോടെ ഒരു വര്‍ഷത്തെ കളിയാട്ട മഹോത്സവത്തിനു പരിസമാപ്തിയാകും.

കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ വിവിധ ഗ്രാമങ്ങളില്‍ തെയ്യക്കാലം ആരംഭിച്ചു കഴിഞ്ഞു. കലാകാരന്മാര്‍ അണിയലങ്ങള്‍ ഒരുക്കുന്ന തയാറെടുപ്പിലാണ്. തെയ്യക്കാലം തിരികെ വരാന്‍ തുടങ്ങുന്നതിനെ വളരെ പ്രതീക്ഷയോടെയാണ് കലാകാരന്മാര്‍ നോക്കിക്കാണുന്നതെങ്കിലും അത്രയും ആശങ്കയും അവര്‍ക്കുള്ളിലുണ്ട്. കോവിഡ് പൂര്‍ണമായും വിട്ടുപോകാത്ത സാഹചര്യത്തില്‍ തെയ്യക്കാലത്തിന്റെ പഴയ പ്രതാപം തിരികെ എത്തുമോ എന്ന ആശങ്കയലിലാണ് കലാകാരന്മാര്‍. ഇതിനെ ശരിവയ്ക്കുന്നതാണ് ഇപ്പോഴത്തെ കാര്യങ്ങള്‍.

തെയ്യത്തെ അനുഷ്ഠാനമായി കൊണ്ടുനടക്കുന്ന കലാകാരന്മാര്‍ നിശ്ചിത തുക പറഞ്ഞുറപ്പിച്ചല്ല കോലമണിയുന്നത്. തെയ്യം നടക്കുന്ന തറവാടുകളില്‍നിന്നു നല്‍കുന്ന തുക കൂടാതെ വിശ്വാസികളായ ജനങ്ങളില്‍നിന്നു നേര്‍ച്ചയായുള്ള തുകയും ലഭിക്കുന്നതാണു പതിവ്. കോവിഡിനു മുന്‍പ് തന്നെ രാവും പകലും കഷ്ടപ്പെട്ടാലും മറ്റു ജോലികള്‍ക്കുള്ള തുകയൊന്നും ഈ കലാകാരന്മാര്‍ക്കു ലഭിച്ചിരുന്നില്ല. ഇപ്പോള്‍ കോവിഡ് സാചര്യത്തില്‍ തെയ്യം കാണാന്‍ എത്തുന്നവരില്‍ വലിയ കുറവ് അനുഭവപ്പെടുന്നത് കലാകാരന്മാരുടെ വരുമാനത്തെ കൂടുതല്‍ ബാധിക്കുന്നു.ഇതു കണക്കിലെടുത്ത്, തെയ്യം കഴിപ്പിക്കുന്ന കുടുംബങ്ങള്‍ നേരത്തെ ലഭിച്ചിരുന്ന തുക നല്‍കുന്നതാണ് കലാകാരന്മാരുടെ ആശ്വാസം.

കഴിഞ്ഞ രണ്ടുവര്‍ഷം കളിയാട്ട മഹോത്സവം ഇല്ലാതിരുന്നതിനാല്‍ ചമയത്തിനുള്ള പുറത്തട്ടുകള്‍ പലതും ഉപയോഗശൂന്യമായത് കലാകാരന്മാര്‍നേരിടുന്ന മറ്റൊരു പ്രതിസന്ധിയാണ്. ഇവ പുനര്‍നിര്‍മിക്കേണ്ടതുണ്ട്. ചെണ്ട ഉള്‍പ്പെടെയുള്ള വാദ്യോപകരണങ്ങളുടെ അവസ്ഥയും വ്യത്യസ്തമല്ല. പലരുടെയും ചെണ്ടയുടെ തുകല്‍ (വട്ട്) നശിച്ചു. രണ്ട് വട്ടാണ് ഒരു ചെണ്ടയിലുള്ളത്. ഇതിലൊന്നു മാറ്റാന്‍ തന്നെ 3500 രൂപയ്ക്കടുത്ത് ചെലവ് വരും.

കോവിഡ് കാലത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ തെയ്യം കലാകാരന്മാരില്‍ പലരും മറ്റു തൊഴിലുകളില്‍ ഏര്‍പ്പെട്ടാണു ജീവിതമാര്‍ഗം കണ്ടെത്തിയത്.

കാസര്‍ഗോഡ് മുതല്‍ കോഴിക്കോട് വടകര വരെ തെയ്യം അനുഷ്ഠാനമായി കൊണ്ടാടുന്നു. കണ്ണൂര്‍, പയ്യന്നൂര്‍, കാഞ്ഞങ്ങാട്, നീലേശ്വരം ചെറുകുന്ന് തുടങ്ങിയ പ്രദേശങ്ങള്‍ തെയ്യം പെരുമയ്ക്കു പേരുകേട്ട സ്ഥലങ്ങളാണ്. വര്‍ഷം തോറും അരങ്ങേറുന്ന തെയ്യങ്ങള്‍ക്കു പുറമെ, ഒന്നിടവിട്ട വര്‍ഷങ്ങളിലും 12 വര്‍ഷം കൂടുന്തോറുമുള്ളവയുമുണ്ട്. പന്ത്രണ്ടുവര്‍ഷം കൂടുമ്പോള്‍ കെട്ടിയാടുന്നതിനെ പെരുങ്കളിയാട്ടമെന്ന് പറയുന്നു. കണ്ണൂര്‍ പയ്യന്നൂരിലെ മുച്ചിലോട്ട് ഭഗവതി ഭക്തര്‍ക്ക് അനുഗ്രഹം നേരാനെത്തുന്നത് പന്ത്രണ്ട് വര്‍ഷം കൂടുമ്പോഴാണ്. ഉത്തരകേരളത്തില്‍നിന്നും പുറത്തുനിന്നുമായി ആയിരങ്ങളാണ് ഈ കളിയാട്ടം കാണാനെത്തുന്നത്.

ചാമുണ്ഡി, ഭഗവതി, ഈശ്വരന്‍, കാളി, വീരന്‍ തുടങ്ങി രൂപത്തിലും ഭാവത്തിലും ആട്ടത്തിലുമെല്ലാം വിഭിന്നമായ ഏകദേശം 450ല്‍ പരം തെയ്യക്കോലങ്ങള്‍ ഓരോ വര്‍ഷവും ഉത്തരകേരളത്തില്‍ കെട്ടിയാടാറുണ്ട്. ഉദിഷ്ടകാര്യത്തിനും ആപത്തില്‍നിന്നു രക്ഷയക്കുമായി ആളുകള്‍ വിവിധയിടങ്ങളില്‍ പൊട്ടന്‍ തെയ്യം, കതിവനൂര്‍ വീരന്‍ തുടങ്ങിയ തെയ്യങ്ങള്‍ നേര്‍ച്ചയായി കഴിപ്പിക്കുന്നു. അതുപോലെ ഗൃഹപ്രവേശത്തോടനുബന്ധിച്ച് മുത്തപ്പനും കെട്ടിയാടുന്നു.

Share Post

More Posts

Bridal Stories