പേരറിയാത്ത ഗായികയെ തേടി ഷഹബാസ് അമൻ… ഒടുവിൽ കണ്ടെത്തി സോഷ്യൽ മീഡിയ…

Shahabaz Aman Vaigha Santhosh

വെള്ളം എന്ന ജയസൂര്യ സിനിമയിലെ ഷഹബാസ് അമൻ ആലപിച്ച ആകാശമായവളെ എന്ന ​ഗാനം പാടുന്ന യുവതി ആരാണെന്നറിയാൻ ഷഹബാസ് അമൻ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടു. ഈ ​ഗായികയുടെ പാട്ട് നിരവധി പേ‍ർ പങ്കുവച്ചെങ്കിലും ഇവരുടെ പോരോ മറ്റ് വിവരങ്ങളോ നൽകിയിട്ടില്ലെന്നും ഇത്തരം രീതികൾ പ്രോത്സാഹിപ്പിക്കരുതെന്നും കൂടി ഷഹബാസ് അമൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞുവയ്ക്കുന്നു.

കുട്ടികളേ, കൂട്ടുകാരേ..എത്ര ചെറുതായിക്കോട്ടെ നിങ്ങൾ സ്വന്തം പേരിൽ ഒരു അക്കൗണ്ട്‌ ഉണ്ടാക്കി, അതിലൂടെ കഴിവുകൾ പങ്ക്‌ വെക്കാൻ ശ്രമിക്കുക! ഇത്തരം കാര്യങ്ങളിൽ അറിവുള്ളവർ അതില്ലാത്ത കലാകാരെ അതിനു സഹായിക്കുക! അതല്ലെങ്കിൽ ഏറ്റവും ചുരുങ്ങിയത്‌ ഉത്തരവാദിത്ത ബോധം തീരെ ഇല്ലാത്ത ഇടനിലക്കാർക്ക്‌ തങ്ങളുടെ കലാസൃഷ്ടികൾ കൈമാറാതിരിക്കുക – ഷഹബാസ് കുറിച്ചു.

ഷഹബാസിന്റെ ഫേസ്ബുക്ക് പോസ്റ്റ് പ്രത്യക്ഷപ്പെട്ട് മണിക്കൂറിനുള്ളിൽ ​ഗായികയുടെ വിവരങ്ങളും ഫേസ്ബുക്ക് പോസ്റ്റും വരെ ആളുകൾ കണ്ടെത്തി. വൈ​ഗ എന്ന കലാകാരിയാണ് മനോഹ​രമായ ആ ​ഗാനം ആലപിച്ചത്. തന്റെ ഫേസ്ബുക്ക് പേജിൽ വൈ​ഗ ഈ ​ഗാനം ആലപിക്കുന്നതിന്റെ വീഡിയോയും ഇവ‍ർ പങ്കുവച്ചിട്ടുണ്ട്. ഇതോടെ ഈ ​വീഡിയോ വീണ്ടും വൈറലായി.

ഷഹബാസ് അമന്റെ കുറിപ്പ്…

ഇങ്ങനെയൊരു കുട്ടി “ആകാശമായവളേ” പാടുന്നത് ഏതോ‌ ഒരു ഓൺലൈൻ പ്ലാറ്റ്‌ ഫോം പബ്ലിഷ്‌ ചെയ്തതായി‌ ശ്രദ്ധയിൽ പെട്ടു! “ഈ പാവത്തിനു ഒരു വലിയ കയ്യടി കൊടുക്കൂ” എന്ന മട്ടിലുള്ള ദൈന്യം നിറഞ്ഞ ക്യാപ്ഷനുകളോടെ പാടിയ ആളിന്റെ പേരുപോലും പരാമർശ്ശിക്കാത്ത അത്തരം ഇടനില ഓൺലൈൻ  സ്ഥാപനങ്ങളെ നിങ്ങളും നിരന്തരം ശ്രദ്ധിച്ച്‌ കാണും! അത്തരത്തിലുള്ള ഒന്ന്  ആരോ ടാഗ്‌ ചെയ്തതിൻ ഫലമായി‌ കണ്മുൻപിലെത്തിയപ്പോഴാണു ഈ കുട്ടിയുടെ ‘ആകാശമായവളേ’ ഹൃദയത്തിൽ പെട്ടത്‌‌! മുത്ത്‌ പോലെ പാടുന്നു!  “ആകാശമായവളേ” എന്ന ഗാനം( ആ അനുഭവമല്ല )മനുഷ്യരുടെ ഹൃദയത്തിൽ തട്ടാൻ പല കാരണങ്ങൾ ഉണ്ടാകാം.എങ്കിലും രണ്ട്മൂന്ന് പ്രത്യേക ഫീലിംഗ്‌ സ്പോട്ടുകൾ അതിന്റെ ‌ ഈണത്തിൽ തന്നെ ഒളിച്ചിരിക്കുന്നതായി തോന്നിയിട്ടുണ്ട്‌! അവിടെ ആത്മാശത്തോടെ തൊട്ടാൽ ആ ഭാഗം മാത്രമല്ല, ആ ഗാനം മുഴുവനായിത്തന്നെ പ്രകാശിക്കും! എന്നാൽ അവിടെ മ്യൂസിക്കലി മാത്രം  പാടാൻ മുതിർന്നാൽ പുതുതായി പെയിന്റടിച്ച വീടു പോലെ ഒന്ന് തിളങ്ങും എന്ന് മാത്രം. പറയാൻ കാരണം,ഈ‌ ചിത്രത്തിൽ കാണുന്ന കുട്ടി പാടിയപ്പോൾ  “ആകാശമായവളേ” പ്രകാശിക്കുന്നുണ്ടായിരുന്നു!
ജീവിച്ചിരിക്കുന്ന ഒരു പെൺകുട്ടിയുടെ പേരും വിലാസവും  മറച്ച്‌ പിടിക്കുകയും‌ അവളുടെ പാട്ട്‌  മാത്രം ആളുകളുടെ മുന്നിലേക്ക്‌ നീട്ടി വെച്ച്‌ അതിനു ലൈക്കുകൾ വാങ്ങിക്കൂട്ടുകയും ചെയ്യുന്ന ഓൺലൈൻ പ്ലാറ്റ്‌ ഫോമുകളെക്കുറിച്ച് (എല്ലാവരുമല്ല)‌‌ എന്ത്‌ പറയാനാണു.ഒരു കണക്കിൽ അറിഞ്ഞോ അറിയാതെയോ പകുതി ഗുണം അവരും ചെയ്യുന്നുണ്ട് എന്നത്‌ ശരിയാണു‌‌‌‌! അത്‌ കൊണ്ടും കൂടിയാണല്ലൊ ഇക്കാര്യം നമ്മുടെയെല്ലാം  ശ്രദ്ധയിൽ പെടുന്നത്‌‌ .നന്ദി.പക്ഷേ അവരാൽ അവതരിപ്പിക്കപ്പെടുന്ന വ്യക്തിക്ക്‌ തങ്ങളിലൂടെയല്ലാതെ മുഴുവനായും ഒരു ഗുണവും ഉണ്ടാകരുതെന്ന് നിർബന്ധമുള്ള രീതിയിലോ അല്ലെങ്കിൽ സൽഫലം വൈകിക്കുകയോ തടഞ്ഞ്‌ വെക്കുകയോ ചെയ്കയാൽ ഫലത്തിൽ ആ വ്യക്തിക്ക്(ഉപഭോക്താവായിരിക്കേണ്ടയാൾക്ക്‌) ‌ ദോഷം കൂടി ആയേക്കാവുന്ന തരത്തിലുള്ളതോ ആയ ഒരു പ്രവൃത്തിയാണു ആൾ ആരാണെന്ന് മറ്റുള്ളവരെ അറിയാൻ ഒരു നിലക്കും സഹായിക്കാത്ത വിധത്തിലുള്ള അത്തരം അവതരണ രീതി എന്ന കാര്യം  സൂചിപ്പിക്കാതെ വയ്യ.‌ഇത്‌ ബോധപൂർവ്വമല്ല എന്ന് വിശ്വസിക്കാൻ തോന്നുന്നില്ല.എന്നാലും ഇനി അഥവാ ശരിക്കും അറിവില്ലാതെത്തന്നെയാണെങ്കിൽ തിരുത്തും എന്ന് പ്രത്യാശിക്കുന്നു! 
ഈ കുട്ടി പാടിയ ” ആകാശമായവളുടെ”  താഴെ കമന്റ്‌ ബോക്സിൽ “വൈഗച്ചേച്ചീ” എന്ന് വൈകാരികമായി വിളിക്കുന്ന പലരെയും കണ്ടു! അപ്പോൾ ആ പേരിൽ നമ്മൾ അങ്ങനെയൊരു ഗായികയെ എഫ്‌ ബി യിലും ഇൻസ്റ്റയിലും സ്മ്യൂളിലും മറ്റും തിരഞ്ഞ്‌ പോകുന്നു! പാട്ടുകളുണ്ട്‌.വീഡിയോകളുണ്ട്‌.പക്ഷേ ആളിലേക്കുള്ള കൃത്യമായ വിവരത്തിനു നോ രക്ഷ! തിരിച്ച്‌ വീണ്ടും കമന്റ്‌ ബോക്സിലേക്ക്‌ വരുമ്പോൾ കാണാം “ഇവരെന്റെ അയൽവക്കത്തുള്ളതാണെന്ന്” ഒരാൾ പറയുന്നു! അവിടെയുമില്ല പേരോ  പ്രൊഫൈൽ മെൻഷനോ! നമ്മൾ ആ പറഞ്ഞ വ്യക്തിയുടെ പ്രൊഫൈലിൽ വരെ പോയി അയാളുടെ ഫ്രണ്ട്‌ ലിസ്റ്റിൽ അടക്കം ചെന്ന് ‘വൈഗ’എന്ന് ടൈപ്പ്‌ ചെയ്ത്‌ എങ്ങാനും ‌ഇങ്ങനെയൊരു ഗായിക അതിൽ ഉണ്ടോ എന്ന് നോക്കുന്നുണ്ട്‌‌! പക്ഷേ അവിടെയും ഇല്ല രക്ഷ. ഇങ്ങനെയൊക്കെ ചെയ്തതെന്തിനു എന്ന് ചോദിച്ചാൽ പാട്ട്‌ കേട്ട്‌ ഇഷ്ടം തോന്നിയിട്ട്‌ എന്നതിനപ്പുറം ഒരുത്തരമില്ല! ഒരു കാര്യം ആദ്യമേ തീരുമാനിച്ചിരുന്നു.ആ കുട്ടിയുടെ പേരു പോലും പരാമർശ്ശിക്കാത്തവരുടെ പേജിൽ നിന്ന്  ആ വീഡിയോ സ്വന്തം അക്കൗണ്ടിലൂടെ ഷെയർ ചെയ്യുന്ന പ്രശ്നമേ ഇല്ലെന്ന്! അങ്ങനെയിരിക്കുമ്പോൾ കൂട്ടുകാരിയായ ഗായിക രശ്മി സതീഷും വീഡിയോ വാട്സാപ്പിൽ പങ്ക്‌ വെച്ചതിൻ ശേഷം,‌ ശ്രദ്ധിച്ചിരുന്നുവോ, സോൾഫുൾ സിങ്ങിംഗ്‌ അല്ലേ എന്ന് ചോദിക്കുന്നു‌! കൂടുതലൊന്നും അവൾക്കും അറിയില്ല. ഏതായാലും ‘അജ്ഞാത ഗായിക’ (അത്‌ ഒരു പൊളിറ്റിക്കൽ വേഡ്‌ ആണു)  ഒരിക്കൽ സമൂഹ മധ്യത്തിൽ പ്രത്യക്ഷപ്പെടാതിരിക്കില്ല എന്ന് , ഞങ്ങൾ  രണ്ട്‌ വഴിക്ക്‌ പ്രത്യാശയോടെ പിരിയുന്നു…
പ്രിയ ഓൺലൈൻ‌ പ്ലാറ്റ്‌ ഫോമുകളേ..പാട്ടുകളാവട്ടെ മറ്റെന്തു കലാ പ്രവർത്തനങ്ങളാവട്ടെ, നിങ്ങൾ  അവ ‘വൈറൽ’ ആക്കാൻ ശ്രമിക്കുമ്പോൾ സ്വന്തം ഗുണത്തോടൊപ്പം ആർട്ട്‌ അവതരിപ്പിക്കുന്ന കലാകാരിലേക്ക്‌ അവരെ ആവശ്യമുള്ളവർക്ക്‌ എത്താനുള്ള കൃത്യമായ ഒരു വഴിയും കൂടി ദയവായി കാണിച്ച്‌ കൊടുക്കുക! അത്‌ കൊണ്ട്‌ എന്തുണ്ടാകുന്നു എന്നുള്ളത്‌ പിന്നത്തെ കാര്യം! 
കുട്ടികളേ, കൂട്ടുകാരേ..എത്ര ചെറുതായിക്കോട്ടെ നിങ്ങൾ സ്വന്തം പേരിൽ ഒരു അക്കൗണ്ട്‌ ഉണ്ടാക്കി, അതിലൂടെ കഴിവുകൾ പങ്ക്‌ വെക്കാൻ ശ്രമിക്കുക! ഇത്തരം കാര്യങ്ങളിൽ അറിവുള്ളവർ അതില്ലാത്ത (കൂടാതെ അപകർഷതാ ബോധം കൂടി ഉള്ള ) കലാകാരെ അതിനു സഹായിക്കുക! അതല്ലെങ്കിൽ ഏറ്റവും ചുരുങ്ങിയത്‌ ഉത്തരവാദിത്ത ബോധം തീരെ ഇല്ലാത്ത ഇടനിലക്കാർക്ക്‌ തങ്ങളുടെ കലാസൃഷ്ടികൾ കൈമാറാതിരിക്കുക.(അനുവാദമില്ലാതെ എടുക്കുന്നതാണു അവയിൽ അധികവും എന്നറിയാം) എങ്കിലും സ്വന്തം ഇടം ഉണ്ടെങ്കിൽ ലൈക്കുകൾ ‌ എത്ര കുറവായിക്കോട്ടെ അർഹതയയുടെ തോത്‌ അനുസരിച്ച്‌ എത്തേണ്ട സ്ഥലത്ത്‌ എത്തേണ്ട സമയത്ത്‌ എത്താൻ തീർച്ചയായും അത്‌ നിങ്ങൾക്ക്‌ കൂടുതൽ ഉപകാരമായേക്കാം ! നിങ്ങൾ അവസരത്തിലേക്ക്‌ എന്ന പോലെ അവസരത്തിനു നിങ്ങളിലേക്ക്‌ എത്താനും അത്‌ പരസ്പര പൂരകവും സഹായകരവുമായിത്തീരാൻ സാധ്യതയുണ്ട്‌ ! ഒപ്പം, എത്തേണ്ട സ്ഥലം ഏതെന്നതിനെക്കുറിച്ചുള്ള  കാഴ്‌ച്ചപ്പാടുകളെക്കൂടി ‌ ഒന്ന് പുന/പരിശോധിക്കുന്നതും നന്നായിരിക്കും! നല്ല കഴിവുള്ള എത്രയെത്ര പേരാണു ചുറ്റിലും! ജെൻഡർ എന്തോ ആവട്ടെ ചിലർ അത്യാവശ്യത്തിലധികം ഉഴപ്പരാണെന്നതും അനുഭവസത്യം! അവരുടെ കാര്യം എന്താവും എന്നറിയില്ല. മറ്റു ചിലരാകട്ടെ എല്ലാം ഉള്ളിലൊതുക്കി കഠിനപ്രയത്നം തുടരുന്നു! നല്ല നിയ്യത്തോടെ നന്നായി പണിയെടുത്തവർക്ക്‌ നാളെയല്ലെങ്കിൽ മറ്റന്നാൾ നല്ല ഫലം കിട്ടാതിരിക്കില്ല! ഉറപ്പ്‌! അതാരായാലും ശരി! Better late than never എന്നത്‌ പ്രത്യാശയോടൊപ്പം ആശ്വാസം കൂടി നൽകുന്ന ഒരു വചനം തന്നെയാകുന്നു.
NB: ചിത്രത്തിലുള്ള കുട്ടിയെക്കുറിച്ച്‌ ശരിയായ അറിവുള്ളവർ ഉപകാരപ്രദമായ വിവരം താഴെ പങ്കു വെക്കുമല്ലൊ. അവരിലേക്ക്‌ നേരിട്ടെത്താത്ത ഒരു വീഡിയോയും ദയവായി കമന്റ്‌ ബോക്സിൽ ഷെയർ ചെയ്യാതിരിക്കുക.അങ്ങനെയുള്ള പലതും ആൾറെഡി ശ്രദ്ധയിൽപ്പെട്ട്‌ കഴിഞ്ഞത്‌ കൊണ്ടാണു.ഉൾക്കൊള്ളുമല്ലൊ.നന്ദി.
എല്ലാവരോടും സ്നേഹം….

https://www.facebook.com/photo?fbid=585650662924609&set=a.331121181710893

Share Post

More Posts

Bridal Stories