ഒളിമ്പ്യന്‍ പിടി ഉഷ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതിയുടെ നോമിനിയായാണ് പി ടി ഉഷ രാജ്യസഭയിൽ എത്തിയത്. ഹിന്ദിയിലായിരുന്നു സത്യപ്രതിജ്ഞ.
വിവിധ മേഖലകളില്‍ പ്രശസ്തരായ പിടി ഉഷ ഉള്‍പ്പെടെ നാലുപേരെയാണ് ദക്ഷിണേന്ത്യയില്‍നിന്ന് കഴിഞ്ഞയാഴ്ച രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തത്. സുരേഷ് ഗോപിക്ക് പിന്നാലെ കേരളത്തില്‍നിന്ന് രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ട എംപിയാണ് പിടി ഉഷ.
ചൊവ്വാഴ്ച ഉഷ പാര്‍ലമെന്റ് മന്ദിരത്തിലെത്തി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു. ഭര്‍ത്താവ് വി. ശ്രീനിവാസനും ഒപ്പമുണ്ടായിരുന്നു.
ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓട്ടക്കാരിയായാണ് പി.ടി.ഉഷയെ കണക്കാക്കുന്നത്. 1984-ൽ പദ്മശ്രീ ബഹുമതിയും അർജുന അവാർഡും ഉഷ കരസ്ഥമാക്കി 2000 -ൽ അന്താരാഷ്മത്സരങ്ങളിൽ നിന്ന് വിരമിച്ചു. 1985 ലും 1986 ലും ലോക അത്‌ലറ്റിക്സിലെ മികച്ച പത്തുതാരങ്ങളിൽ ഒരാൾ ഉഷയായിരുന്നു. ഉഷയ്ക്കു മുമ്പും പിന്നീടും ഇന്ത്യയിൽ നിന്നൊരാളും ഈ ലിസ്റ്റിൽ ഇടംനേടിയിട്ടില്ല. കോഴിക്കോട് ജില്ലയിലെ പയ്യോളിയാണ് സ്വദേശം. ‘പയ്യോളി എക്സ്പ്രസ്’ എന്ന പേരിലാണ് പി ടി ഉഷ അറിയപ്പെടുന്നത്.

