കെ.എസ്.യു. ജില്ലാ പ്രസിഡന്റിന് വധു എസ്.എഫ്.ഐ. മുന്‍ ജില്ലാ കമ്മറ്റി അംഗം. തുടർന്നും രണ്ടുപേരും സജീവമായി രാഷ്ട്രീയപ്രവർത്തനം തുടരുമെന്ന് ഇരുവരുടെയും ഉറപ്പ്….
കൊടിയുടെ നിറവും പിന്തുടരുന്ന ആദര്‍ശങ്ങളും വ്യത്യസ്തമാണെങ്കിലും ജീവിതത്തിലൊന്നാവാന്‍ നിഹാലിനും ഐഫയ്ക്കും ഇതൊന്നും തടസ്സമായില്ല. വിശ്വസിക്കുന്ന പ്രത്യയശാസ്ത്രങ്ങള്‍ മുന്നോട്ടുള്ള ജീവിതത്തിന് തടസ്സമാകില്ലെന്ന് കാണിച്ചുകൊണ്ട് കഴിഞ്ഞ ഞായറാഴ്ച KSU ജില്ലാ പ്രസിഡന്റായ നിഹാലിന്റെയും SFI ജില്ലാ കമ്മറ്റി മുന്‍ അംഗം ഐഫ അബ്ദുറഹ്‌മാന്റേയും വിവാഹ നിശ്ചയം കഴിഞ്ഞു.

കോഴിക്കോട് ലോ കോളേജില്‍ വെച്ചാണ് നിഹാലും ഐഫയും പരിചയപ്പെടുന്നത്. നിഹാലിന്റെ ജൂനിയറായിരുന്നു ഐഫ. ഇപ്പോള്‍ ഇരുവരും കോഴിക്കോട് ജില്ലാ കോടതിയില്‍ അഭിഭാഷകരാണ്. സജീവമായി രണ്ട് പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്നവരാണ് ഇരുവരും. ഐഫയുടെ ബന്ധുവഴി വിവാഹാലോചന വന്നപ്പോഴും രാഷ്ട്രീയം പ്രശ്നമാകുമോ എന്നാശങ്ക നിഹാലിനും ഐഫയ്ക്കും ഉണ്ടായിരുന്നു. പിന്നീട് തുറന്ന് സംസാരിച്ചപ്പോള്‍ കൊടിയുടെ നിറവ്യത്യാസമൊന്നും മനസ്സുകള്‍ തമ്മില്‍ ഒന്നാകാന്‍ പ്രശ്‌നമല്ലെന്ന് മനസ്സിലാക്കിയ ഇവര്‍ വിവാഹത്തിന് സമ്മതിക്കുകയായിരുന്നു.
കെ എസ് യു ജില്ലാ പ്രസിഡന്റായ നിഹാല്‍, തദ്ദേശ തെരഞ്ഞെടുപ്പില്‍ പുതിയറ വാര്‍ഡില്‍ മത്സരിച്ചിരുന്നു. ഇപ്പോള്‍ ഡിവൈഎഫ്‌ഐ, ഓള്‍ ഇന്ത്യ ലോയേഴ്‌സ് അസോസിയേഷന്‍ അംഗമാണ് ഐഫ. വിവാഹ ശേഷവും രാഷ്ട്രീയപ്രവര്‍ത്തനവുമായി ഇരുവരും മുന്നോട്ട് പോകും. അടുത്ത വര്‍ഷമാണ് വിവാഹം. കൊടുവള്ളി സ്വദേശി അബ്ദുറഹിമാന്റെയും ഷെരീഫയുടെയും മകളാണ് ഐഫ. മാങ്കാവ് തളിക്കുളങ്ങര വലിയ തിരുത്തിമ്മല്‍ മുഹമ്മദ് ഹനീഫയുടെയും സാജിദയുടെയും മകനാണ് നിഹാല്‍.
