65ന്റെ നിറവിൽ കേരളം… എല്ലാവർക്കും ഉയിർത്തെഴുന്നേൽപ്പിന്റെ കേരളപ്പിറവി ആശംസകൾ | Keralapiravi wishes to all…

Keralapiravi wishes

കേരളം പിറവിയെടുത്തിട്ട് 65 വർഷമാകുന്നു. തുടർച്ചയായ പ്രകൃതിക്ഷോഭങ്ങളും കോവിഡും നൽകുന്ന ആശങ്കകൾക്കിടയിലും നമുക്ക് ഇത് ഉയിർത്തെഴുന്നേൽപ്പിന്റെയും പ്രതീക്ഷകളുടെയും ജന്മവാർഷികമാണ്. എല്ലാവർക്കും ഉയിർത്തെഴുന്നേൽപ്പിന്റെ കേരളപ്പിറവി ആശംസകൾ…

1956 നവംബർ ഒന്നിനാണ് കേരളം രൂപീകൃതമായത്. തിരുവിതാംകൂര്‍, കൊച്ചി രാജ്യങ്ങളും മലബാറും ചേർത്ത് ആ നവംബർ ഒന്നിന് മലയാളി അതിന്‍റെ ഭൂപടം വരച്ചു. രാജ്യത്തിന് സ്വാതന്ത്യം ലഭിച്ച് ഒമ്പത് വർഷത്തിനുശേഷമാണ് ഭാഷാടിസ്ഥാനത്തിൽ കേരളം രൂപീകരിച്ചത്. മലയാളം സംസാരിക്കുന്ന പ്രദേശങ്ങളെ കൂട്ടിച്ചേർത്ത് ഒരു സംസ്ഥാനം, അങ്ങനെയാണ് കേരളത്തിന്റെ പിറവി.

കേരളം രൂപീകരിക്കുമ്പോൾ രാജ്യത്തെ 14 സംസ്ഥാനങ്ങളിൽ ഏറ്റവും ചെറുതായിരുന്നു. തിരുവിതാംകൂറിലെ തോവാളം, അഗസ്‌തീശ്വരം, കൽക്കുളം, വിളവങ്കോട്‌ എന്നീ നാലു താലൂക്കുകളും ചെങ്കോട്ട താലൂക്കിന്റെ ഒരു ഭാഗവും വേർപെടുത്തി മദ്രാസ് സംസ്ഥാനത്തോട് ചേർത്തു. ശേഷിച്ച തിരുവിതാംകൂർ – കൊച്ചി സംസ്ഥാനത്തോടു മലബാർ ജില്ലയും തെക്കൻ കാനറാ ജില്ലയിലെ കാസർകോടു താലൂക്കും ചേർക്കപ്പെട്ടു. ഫലത്തിൽ കന്യാകുമാരി ജില്ല കേരളത്തിന് നഷ്‌ടപ്പെടുകയും ഗൂഡല്ലൂർ ഒഴികെയുള്ള മലബാർ പ്രദേശം കേരളത്തോട് ചേർക്കപ്പെടുകയും ചെയ്‌തു.

നവംബർ ഒന്നിനു ചിത്തിരതിരുനാൾ മഹാരാജാവ്‌ തിരു-കൊച്ചി രാജപ്രമുഖ സ്ഥാനത്തുനിന്നും വിരമിച്ചു. സംസ്ഥാനത്തിന്റെ തലവനായി രാജ പ്രമുഖനു പകരം ബി. രാമകൃഷ്‌ണറാവു ആദ്യ ഗവർണറായി. സംസ്ഥാനത്തെ ആദ്യ ചീഫ്‌ ജസ്റ്റിസ്‌ കെ ടി കോശിയായിരുന്നു. ആദ്യ ചീഫ്‌ സെക്രട്ടറി എൻ ഇ എസ്‌ രാഘവാചാരി. ആദ്യ പോലീസ്‌ ഐ ജി എൻ. ചന്ദ്രശേഖരൻനായർ. കേരള സംസ്ഥാനത്തിലെ ആദ്യ പൊതുതെരഞ്ഞെടുപ്പ്‌ 1957 ഫെബ്രുവരി 28-നു നടന്നു. ആ തെരഞ്ഞെടുപ്പിലൂടെ ഇ എം ശങ്കരൻ നമ്പൂതിരിപ്പാട്‌ മുഖ്യമന്ത്രിയായുള്ള സർക്കാർ അധികാരത്തിൽ വന്നു.

സംസ്ഥാന രൂപീകരണഘട്ടത്തിൽ അഞ്ച് ജില്ലകൾ മാത്രമാണ് ഉണ്ടായിരുന്നത്. പിന്നീട് അത് 14 ആയി. നിലവിൽ 20 ലോക്സഭാ മണ്ഡലങ്ങളും 140 നിയോജകമണ്ഡലങ്ങളും ഉൾപ്പെടുന്നതാണ് കേരളം. നഗരവത്കരണത്തിലും കേരളം വലിയ മുന്നേറ്റം നടത്തി. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കൊല്ലം, തൃശൂർ, കണ്ണൂർ എന്നിങ്ങനെ ആറു കോർപറേഷനുകളാണ് കേരളത്തിലുള്ളത്.

Share Post

More Posts

Bridal Stories