അവധിദിനത്തിലും സജീവമായി സർക്കാർ ഓഫീസുകൾ. ലക്ഷ്യം കടന്ന് എറണാകുളം, തീർപ്പാക്കിയത് 24225 ഫയലുകൾ
അവധിദിനത്തിലെ ഫയൽ തീർപ്പാക്കലിൽ ലക്ഷ്യം കടന്ന് എറണാകുളം ജില്ല. വിവിധ വകുപ്പുകളിലായി 16000 ഫയലുകൾ ലക്ഷ്യമിട്ട സ്ഥാനത്ത് തീർപ്പാക്കിയത് 24225 ഫയലുകൾ. റവന്യൂ വകുപ്പിൽ മാത്രം 8911 ഫയലുകളിലാണ് ഒരു ദിവസത്തിനുള്ളിൽ തീരുമാനമായത്. ഇതിൽ 3890 ഫയലുകൾ കളക്ടറേറ്റിലെ വിവിധ വിഭാഗങ്ങളിലേതാണ്. 2500 ഫയലുകൾ തീർപ്പാക്കാൻ ലക്ഷ്യമിട്ട തദ്ദേശ സ്വയം ഭരണ വകുപ്പിലെ 7525 ഫയലുകൾ തീർപ്പായി.
കോവിഡ്കാല നിയന്ത്രണംമൂലം സർക്കാർ ഓഫീസുകളിൽ കുടിശ്ശികയായ ഫയലുകൾ സമയബന്ധിതമായി തീർപ്പാക്കുന്നതിന്റെ ഭാഗമായി ജൂൺ 15 മുതൽ സെപ്തംബർ 30 വരെ ഫയൽ തീർപ്പാക്കൽ യജ്ഞം നടക്കുകയാണ്. പ്രവൃത്തി ദിവസങ്ങളിൽ ഓഫീസ് സമയത്തിന് പുറമേയും, അവധി ദിനങ്ങളിൽ അധിക ജോലി ചെയ്തുമാണ് ഫയൽ തീർപ്പാക്കൽ യജ്ഞം വിജയിപ്പിക്കാൻ ജീവനക്കാർ സ്വയം സന്നദ്ധമായി മുന്നോട്ടു വന്നത്.
ഈ സാഹചര്യത്തിലാണ് ഫയൽ കുടിശ്ശിക കണക്കെടുപ്പിന് ശേഷമുള്ള ആദ്യ അവധി ദിനമായ ഞായറാഴ്ച ജോലിക്കെത്തി കുടിശ്ശിക ജോലികൾ തീർക്കാൻ ഓഫീസുകൾ സജീവമായത്.
-
‘Super proud’ – Dinesh Karthik posts for wife Dipika Pallikal who won bronze at Commonwealth Games 2022
-
സഞ്ജുവും ഭാര്യയും – Sanju Samson & wife Charulatha off to Trinidad and Tobago…
-
മോഹൻലാലിനൊപ്പം എൺപത്തി ഒൻപതാമത്തെ പിറന്നാൾ ആഘോഷിച്ച് മലയാളത്തിന്റെ ഇതിഹാസം എം.ടി വാസുദേവൻ നായർ – വീഡിയോ കാണാം | MT Vasudevan Nair celebrates his 89th birthday with Mohanlal
കളക്ടറേറ്റ് അടക്കമുള്ള ജില്ലാതല ഓഫീസുകൾ മുതൽ താഴെത്തലത്തിൽ വില്ലേജ് ഓഫീസുകളും ഗ്രാമപഞ്ചായത്തുകളും കൃഷിഭവനുകളും അടക്കം വിവിധ വകുപ്പുകളുടെ എല്ലാ തലങ്ങളിലും ഫയൽ തീർപ്പാക്കലിനായി ജീവനക്കാർ ഹാജരായി. കൃത്യമായ ആസൂത്രണത്തോടെയും നിരീക്ഷണത്തോടയും നടപ്പാക്കിയ ഫയൽ തീർപ്പാക്കലിന് മേൽനോട്ടം വഹിച്ച് വിവിധ വകുപ്പുകളുടെ ജില്ലാതല മേധാവികൾ വിവിധ ഓഫീസുകളിലെത്തിയിരുന്നു.
സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച ഫയല്‍ തീര്‍പ്പാക്കല്‍ തീവ്രയജ്ഞത്തിന്റെ ഭാഗമായാണ് ഞായറാഴ്ച ജില്ലയില്‍ ഫയല്‍ തീര്‍പ്പാക്കല്‍ ദിനമായി ആചരിച്ചത്. പൊതുജനങ്ങൾക്ക് പ്രവേശനം നൽകാതെ ഫയൽ തീർപ്പാക്കൽ മാത്രമായിരുന്നു ഉദ്യോഗസ്ഥരുടെ പരിഗണന.
കണയന്നൂർ താലൂക്ക് ആണ് താലൂക്കുകളിൽ ഏറ്റവുമധികം ഫയൽ തീർപ്പാക്കിയത്, 1050 എണ്ണം. കൊച്ചി താലൂക്കിലെ 727 ഫയലുകളും കുന്നത്തുനാട് താലൂക്കിലെ 557 ഫയലുകളും തീർപ്പാക്കി.ഫോർട്ട് കൊച്ചി റെവന്യൂ ഡിവിഷൻ ഓഫീസിലെ 555 ഫയലുകളും മുവാറ്റുപുഴ റെവന്യൂ ഡിവിഷൻ ഓഫീസിലെ 312 ഫയലുകളും തീർപ്പാക്കി. കളക്ടറേറ്റിൽ ഭൂപരിഷ്കരണ വിഭാഗത്തിൽ ആണ് ഏറ്റവുമധികം ഫയലുകൾ തീർപ്പാക്കിയത്. 1072 ഫയലുകൾ ആണ് ഇവിടെ തീർപ്പാക്കിയത്. 300 ഫയലുകൾ തീർപ്പാക്കാ9 ലക്ഷ്യമിട്ട ഭരണ നിർവഹണ വിഭാഗത്തിൽ 1017 ഫയലുകൾ തീർപ്പായി.
കണയന്നൂർ താലൂക്ക് ഓഫീസിൽ ആയിരം ഫയലുകൾ ലക്ഷ്യമിട്ടിരുന്ന സ്ഥാനത്താണ് 1050 ഫയലുകൾ തീർപ്പാക്കാനായത്. കെട്ടിട നികുതി , എൻഫോഴ്സ്മെന്റ്, സാമൂഹ്യ ക്ഷേമം എന്നിങ്ങനെ എല്ലാ വിഭാഗങ്ങളിലെ ഫയലുകളും ഇന്ന് പരിഗണിച്ചവയിൽ ഉൾപ്പെടുന്നു.
കൊച്ചി കോർപ്പറേഷനിൽ ആകെ 1690 ഫയലുകളിൽ ശനിയാഴ്ച 240 ഫയലുകളും ഞായറാഴ്ച വൈകിട്ട് മൂന്നു മണിക്കുള്ളിൽ 365 ഫയലുകളും തീർപ്പാക്കാനായി. ഒരാഴ്ചയ്ക്കുള്ളിൽ ഭൂരിഭാഗം ഫയലുകളും തീർപ്പാക്കാനാകും.
സംസ്ഥാനത്ത് തരം മാറ്റവുമായി ബന്ധപ്പെട്ട് എറ്റവും അധികം ഫയലുകളുള്ള വില്ലേജ് ഓഫീസായ ആലങ്ങാട് ഞായറാഴ്ച 200 ഫയലുകളിൽ തീരുമാനമായി. 900 ഫയലുകൾ സെപ്റ്റംബർ 30 നകം തീർപ്പാക്കുമെന്ന് വില്ലേജ് ഓഫീസർ എം.ഇ ഷെബീർ അറിയിച്ചു.
ഫയൽ തീർപ്പാക്കൽ ദിനത്തിൽ പട്ടയങ്ങൾ സംബന്ധിച്ച ഫയലുകൾക്കാണ് കോതമംഗലം താലൂക്ക് ഊന്നൽ നൽകിയത്. ആകെ 474 ഫയലുകളാണ് ഞായറാഴ്ച തീർപ്പാക്കിയത്. അതിൽ 59 എണ്ണം പട്ടയങ്ങളുമായി ബന്ധപ്പെട്ട ഫയലുകളാണ്. ഭൂമി തരംമാറ്റൽ സംബന്ധിച്ച 78 ഫയലുകളുടെ നടപടികൾ പൂർത്തീകരിച്ചു.
-
ഡ്രൈവറായിരുന്ന അച്ഛന് 84–ാം വയസില്‍ മക്കളുടെ സമ്മാനം, അച്ഛൻ ആദ്യം ഓടിച്ച കാര്‍…
-
കണ്ണൂർ വിമാനത്താവളത്തിന്റെ ചിറകരിയുന്നോ?
-
തിരുവനന്തപുരത്തിന് അഭിമാനനിമിഷം… തിരുവനന്തപുരം ഇന്ത്യയിൽ ഒന്നാമത് | CBSE Class 12 Results – Thiruvananthapuram Region Tops in India
ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞത്തിന്റെ ഭാഗമായി ജൂൺ 15 മുതൽ ഇതുവരെ താലൂക്കിൽ തീർപ്പാക്കിയത് 883 ഫയലുകളാണ്. ഇത് ആകെ ഫയലുകളുടെ 11.24 ശതമാനം വരും. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് മികച്ച പിന്തുണയാണ് ലഭിക്കുന്നത് എന്നും സെപ്റ്റംബർ 30 ന് മുൻപായി പരമാവധി ഫയലുകൾ തീർപ്പാക്കാനുള്ള ശ്രമം തുടരുമെന്നും തഹസിൽദാർമാരായ റേച്ചൽ കെ. വർഗീസും, കെ.എം നാസറും അറിയിച്ചു.
ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞത്തിന്റെ ഭാഗമായി 19 വർഷം മുൻപ് കൈയേറിയ സർക്കാർ പുറമ്പോക്ക് കോതമംഗലത്ത് സർക്കാർ അധീനതയിലെത്തി. കടവൂർ വില്ലേജിലെ ആറേ മുക്കാൽ സെന്റ് സർക്കാർ ഭൂമിയാണ് തിരിച്ചുപിടിച്ചത്. കടവൂർ വില്ലേജ് പരിധിയിൽ വരുന്ന പൈങ്ങോട്ടൂർ പ്രദേശത്ത് സ്വകാര്യ വ്യക്‌തി 2003 മുതൽ കൈയേറി വച്ചിരുന്ന ഭൂമിയായിരുന്നു ഇത്.
ഫയൽ തീർപ്പാക്കൽ യജ്ഞത്തിന്റെ ഭാഗമായി ഏറെ പഴക്കമുള്ള ഫയലുകൾ പരിഗണിച്ചപ്പോഴാണ് ഈ വിഷയത്തിന് പരിഹാരമായത്. സ്വകാര്യ വ്യക്തി വസ്തു കൈയേറുകയും രണ്ട് ആഞ്ഞിലി മരങ്ങൾ മുറിക്കുകയും ചെയ്തിരുന്നു. ഫയൽ തീർപ്പാകുന്നതിന്റെ ഭാഗമായി സ്ഥലം തിരിച്ചു പിടിക്കുകയും മരങ്ങൾ മുറിച്ചതിന് 47,000 രൂപ ഈടാക്കുകയും ചെയ്തു.
കോതമംഗലം താലൂക്കിൽ രോഗികളായ രണ്ട് അപേക്ഷകർക്ക് വേഗത്തിൽ നടപടികൾ പൂർത്തിയാക്കി അന്തിമ ഉത്തരവ് കൈമാറി. ഇരമല്ലൂർ വില്ലേജിലെ പാറേത്തുകടമ്പനാൽ വീട്ടിൽ സരസ്വതിയമ്മയ്ക്കും, കോതമംഗലം വില്ലേജിലെ സൈനുദീനുമാണ് ഫയൽ തീർപ്പാക്കൽ യജ്ഞം വഴി സ്ഥലം സംബന്ധമായ അപേക്ഷയിൽ അതിവേഗം പരിഹാരമുണ്ടായത്.
ഇരുപത് വർഷം മുൻപ് തെറ്റായി പോക്കുവരവ് സംബന്ധിച്ച പ്രശ്നമായിരുന്നു സരസ്വതിയമ്മയ്ക്ക്. അതുമൂലം ഇവരുടെ വസ്തു ക്രയവിക്രയം ചെയ്യാനോ, വായ്പ എടുക്കാനോ കഴിയാതെ വന്നു. ചികിത്സാ ആവശ്യത്തിനായി പണം കണ്ടെത്താൻ മറ്റ് മാർഗമില്ലാത്തയതോടെയാണ് ഇവർ പ്രശ്‌ന പരിഹാരത്തിനായി അപേക്ഷ നൽകിയത്.
ഫയൽ തീർപ്പാക്കൽ യജ്ഞത്തിന്റെ ഭാഗമായി ഫയൽ പരിഗണിക്കപ്പെട്ടപ്പോൾ അടിയന്തര പ്രാധാന്യം നൽകി പരിഹാരം കാണുകയായിരുന്നു ഉദ്യോഗസ്ഥർ. വസ്തു പോക്കുവരവ് ചെയ്ത് നൽകുവാനുള്ള അന്തിമ ഉത്തരവ് വില്ലേജ് ഓഫീസിന് കൈമാറി.
സർവേ നമ്പർ തിരുത്തലുമായി ബന്ധപ്പെട്ട ഫയലാണ് സൈനുദീന് തീർപ്പാക്കി നൽകിയത്. ക്യാൻസർ രോഗിയായ അദ്ദേഹം ചികിത്സയ്ക്കായി തന്റെ വസ്തു ഉപയോഗിച്ച് വായ്പ എടുക്കുന്നതിനായി ശ്രമിച്ചപ്പോഴാണ് സർവേ നമ്പറിലെ പിശക് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് താലൂക്കിൽ അപേക്ഷ സമർപ്പിച്ചു. അദ്ദേഹത്തിന്റെ അവസ്ഥ തിരിച്ചറിഞ്ഞ ഉദ്യോഗസ്ഥർ എത്രയും വേഗം ശരിയായ സർവ്വേ നമ്പർ കണ്ടെത്തി അപേക്ഷയ്ക്ക് പരിഹാരം കണ്ടെത്തി നൽകുകയായിരുന്നു.
ഫയൽ തീർപ്പാക്കൽ തീവ്ര യജ്ഞത്തിന്റ ഭാഗമായി ആലുവ നഗരസഭയിൽ 30 ഫയലുകൾ തീർപ്പാക്കി. 50 ഫയലുകളാണ് ഞായറാഴ്ച തീർപ്പാക്കാൻ ലക്ഷ്യമിട്ടിരുന്നത്. പണം നൽകാനുള്ള ഫയലുകളായിരുന്നു തീർപ്പാക്കാനുള്ളവയിൽ കൂടുതലും ഇവ പൂർണമായും തീർപ്പാക്കി. ഗുണഭോക്താക്കൾ രേഖകൾ സമർപ്പിക്കാനുള്ളതും, നോട്ടീസ് നൽകേണ്ടതും, കൗൺസിലിൽ ചർച്ച ചെയ്യേണ്ടതുമാണ് തീർപ്പാക്കാനുള്ള മറ്റ് ഫയലുകൾ. നഗരസഭയിലെ ഭൂരിഭാഗം ഉദ്യോഗസ്ഥരും ഓഫീസിൽ ഹാജരായി.
ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞത്തിന്റ ഭാഗമായി ആലുവ താലൂക്കിൽ 362 ഫയലുകൾ തീർപ്പാക്കി. സ്ഥലത്തിന്റെ പോക്കു വരവ്,തരംമാറ്റൽ,കെട്ടിട നികുതി എന്നിവയുമായി ബന്ധപെട്ട ഫയലുകളാണ് തീർപ്പാക്കിയതിൽ കൂടുതലും.
ഫയൽ തീർപ്പാക്കൽ യജ്ഞത്തിൻ്റെ ഭാഗമായി പ്രവർത്തി ദിവസമായിരുന്ന ഞായറാഴ്‌ച കുന്നത്തുനാട് താലൂക്ക് ഓഫീസിൽ തീർപ്പാക്കിയത് 900 ഫയലുകൾ. ഇതിൽ 343 ഫയലുകൾ സർവേയുമായി ബന്ധപ്പെട്ടതും 557 എണ്ണം റവന്യൂ വകുപ്പിലെ മറ്റു വിഭാഗങ്ങളിൽ നിന്നുള്ളവയുമായിരുന്നു. ഇത് താലൂക്കിൽ തീർപ്പാക്കാൻ ലക്ഷ്യമിട്ടിരുന്ന ഫയലുകളുടെ ഒന്നര ഇരട്ടിയോളം വരും.
ഞായറാഴ്ച 370 ഫയലുകൾ തീർപ്പാക്കാൻ ചിട്ടയായ പ്രവർത്തനങ്ങളായിരുന്നു തഹസിൽദാർ വിനോദ് രാജിൻ്റെ നേതൃത്വത്തിൽ മുഴുവൻ ഉദ്യോഗസ്ഥരും നടത്തിയിരുന്നത്. ഇവയിൽ വർഷങ്ങൾ പഴക്കമുള്ളത് മുതൽ ആഴ്ചകൾക്ക് മുൻപ് അപേക്ഷിച്ചവവരെ ഉൾപ്പെടും. പൂർത്തിയാക്കാൻ കഴിയുന്നവയും അവസാന ഘട്ടത്തിലുള്ളവയും ഉൾപ്പടെയുള്ളവ ശനിയാഴ്‌ച വൈകിട്ട് തന്നെ ഉദ്യോഗസ്ഥർ തിരഞ്ഞെടുത്തിരുന്നത് ജോലി എളുപ്പമാക്കി.
ഞായറാഴ്ച രാവിലെ അൽപ്പനേരം വൈദ്യുതി മുടങ്ങിയിരുന്നെങ്കിലും ജീവനക്കാരെല്ലാം സമയബന്ധിതമായി പ്രവർത്തിച്ചതിനാൽ ഉച്ചക്ക് മുൻപ് തന്നെ 370 എന്ന ലക്ഷ്യത്തിലേക്കെത്താൻ കഴിഞ്ഞു. വൈകിട്ട് ഓഫീസ് സമയം അവസാനിച്ചപ്പോൾ ഇത് 900 ആയിരുന്നു.
സർവേ സംബന്ധിച്ച 343 ഫയലുകൾക്ക് പുറമേ ദുരിതാശ്വാസ വിഭാഗത്തിലും നൂറിലധികം ഫയലുകൾ തീർപ്പാക്കി. പ്രളയ ദുരിതാശ്വാസ വിതരണവുമായി ബന്ധപ്പെട്ട തുക വിതരണം ചെയ്തതിൻ്റെ ഉൾപ്പെടെ 111 ഫയലുകളാണ് ഇത്തരത്തിൽ പൂർത്തിയാക്കിയത്. മറ്റു വിഭാഗങ്ങളിലെ ഫയലുകളും വിവരാവകാശ നിയമവുമായി ബന്ധപ്പെട്ട അപ്പീലുകളും, വിവിധ സർട്ടിഫിക്കറ്റുകളും അടക്കമുള്ളവയും തീർപ്പാക്കിയവയിൽ ഉൾപ്പെടും.