“ഗാന്ധി” സിനിമ പോസ്റ്ററുകളിലെ മലയാളി സ്പർശം… ചിത്രകാരൻ ശരത്ചന്ദ്രൻ വിടവാങ്ങി

പ്രസിദ്ധ ചിത്രകാരൻ പി. ശരത്ചന്ദ്രൻ അന്തരിച്ചു. 79 വയസായിരുന്നു. എരഞ്ഞിപ്പാലത്തെ വീട്ടിൽ ഇന്ന് രാവിലെയാണ് അന്ത്യം. റിച്ചാർഡ് ആറ്റൻ ബറോയുടെ ഗാന്ധി സിനിമയുടെ പരസ്യ ചിത്രകാരനായിരുന്നു. നിരവധി പരസ്യങ്ങൾക്കായി ചിത്രങ്ങളും ഡിസൈനും നിർവ്വഹിച്ചിട്ടുണ്ട്. സംസ്കാരം വൈകിട്ട് നാലിന് മാവൂർ റോഡ് ശ്മശാനത്തിൽ നടക്കും.

അന്താരാഷ്ട്ര ഇടങ്ങളിൽ അറിയപ്പെടുന്ന മലയാളിചിത്രകാരനാണ് ശരത്ചന്ദ്രൻ. ജലച്ചായം, ഓയിൽ കളർ, അക്രിലിക്, ചാർക്കോൾ എന്നീ എല്ലാ മാധ്യമങ്ങളിലും ഒരേ പോലെ പ്രാഗൽഭ്യം തെളിയിച്ച ചിത്രകാരനാണ് അദ്ദേഹം. തലശ്ശേരി കേരള സ്കൂൾ ഓഫ് ആർട്ട്സിലെ സി.വി.ബാലൻ നായർക്കു കീഴിലാണ് ശരത് ചന്ദ്രൻ ഗുരു സിവി ബാലൻ നായരുടെ ശിക്ഷണത്തിൽ ചിത്രകലാഭ്യസനം നടത്തിയത്. അതിനു ശേഷം മുംബൈയിൽ അഡ്വർടൈസിംഗ് രംഗത്ത് പ്രവർത്തനമാരംഭിച്ചു. 40 വർഷത്തെ പ്രവർത്തന മികവിൽ ഈ രംഗത്തെ അതികായനായി ഉയർന്നുവന്നു. നമ്മൾ കണ്ടു വരുന്ന സ്വദേശിയും വിദേശിയുമായ അനേകം സിഗരറ്റ് പായ്ക്കറ്റുകൾ ഡിസൈൻ ചെയ്തത് ശരത്ത് ചന്ദ്രനായിരുന്നു. അക്കാലത്ത് യു.എസ്.എസ്.ആർ, മിഡിൽ ഈസ്റ്റ്, യു.എസ്.എ, എത്തോപ്യ തുടങ്ങി രാജ്യങ്ങളിലേക്ക് കയറ്റി അയച്ചിരുന്ന ഭൂരിഭാഗം സിഗരറ്റ് കന്പനികൾക്കു വേണ്ടിയും അദ്ദേഹം ഡിസൈന്‍ ചെയ്തിരുന്നു.

വളരെയധികം പ്രകീർത്തികപ്പെട്ട റിച്ചാർഡ് അറ്റൻ ബറോ ചിത്രമായ “ഗാന്ധി “യുടെ പോസ്റ്ററുകൾ ഡിസൈൻ ചെയ്യുന്നതിന് ശരത് ചന്ദ്രനെയാണ് അററൻബറോ കണ്ടെത്തിയത്. ഗാന്ധിസിനിമയുടെ പോസ്റ്റർ ചെയ്യാനുള്ള അവസരം ശരത്ചന്ദ്രനു കിട്ടുന്നത് ഒരു പരസ്യ ഏജൻസി വഴിയാണ്. സുഹ‍ൃത്ത് ശാന്തകുമാറിന്റെ സോഴ്സ് മാർക്കറ്റിങ് ഏജൻസിക്കായിരുന്നു സിനിമയുടെ പൂർണ പരസ്യ കരാർ. ശരത്ചന്ദ്രൻ ജോലി ചെയ്തിരുന്ന ഗോൾഡൻ ടുബാക്കോയുടെ ജനറൽ മാനേജർ ആർ.കെ.സേത്തി അനുവദിച്ചതോടെ ശരത് പോസ്റ്ററിനായി ചില ഡിസൈനുകൾ ഒരുക്കി. അന്നു കളർ പടങ്ങൾ പോലും കിട്ടിയില്ല, ഏതാനും ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോകൾ കൊടുത്തിട്ട് ഷോലെയുടേതുപോലെ കളർഫുൾ പോസ്റ്റർ വേണമെന്നാണ് പറഞ്ഞത്. സിനിമയുടെ പ്രിവ്യൂ കണ്ടാണ് കളർ സ്കീം മനസ്സിലാക്കിയത്. കംപ്യൂട്ടർ ഇല്ലാതിരുന്ന കാലം. സ്പ്രേ ചെയ്താണ് പശ്‍ചാത്തലമൊക്കെ ലയിപ്പിച്ചത്. ഡിസൈൻ കണ്ട ശാന്തകുമാർ അടുത്ത ദിവസംതന്നെ അമേരിക്കയ്ക്കു പറന്നു, ആറ്റൻബറോയെ പോസ്റ്റർ മാതൃക കാണിക്കുവാൻ. വിദേശികളെക്കൊണ്ട് ഗാന്ധിസിനിമയുടെ പോസ്റ്റർ ചെയ്യിച്ചിട്ട് ഇന്ത്യൻ ഫീൽ കിട്ടാത്തതിൽ ഖിന്നനായിരുന്ന ആറ്റൻബറോ പോസ്റ്ററിന്റെ നാലു മാതൃകകളും കണ്ട് സന്തോഷിച്ചു. ജാലിയൻവാലാ ബാഗിൽ വെടിയേറ്റു വീണ അമ്മയുടെ അടുത്തിരുന്ന് വിലപിക്കുന്ന കുട്ടിയുടെ ചിത്രമുള്ള പോസ്റ്റർ 10 x 20 അടി വലുപ്പത്തിൽ രാജ്യമാകെ പ്രചരിച്ചു. 1 x 2 അടിയിൽ ചെയ്തിട്ട് ബ്ളോഅപ് ചെയ്താണ് പോസ്റ്റർ അച്ചടിച്ചത് സിനിമയുടെ പത്രപ്പരസ്യത്തിന്റെയും ചുമതലയുണ്ടായിരുന്നു. രാജ്യമെല്ലാം ജാലിയൻവാലാ ബാഗിലെ കരുണയറ്റ ദൃശ്യം കണ്ട് ജനം തിയറ്ററിലേക്കൊഴുകി. ചിത്രം ഇരട്ട ഓസ്കർ നേടി.

ഇന്ന് കാണുന്ന അദ്ദേഹത്തിന്റെ ചിത്രങ്ങളെല്ലാം റിട്ടയർമെന്റിനു ശേഷം രചിച്ചവയാണ്. ബോംബെ എന്ന മഹാ നഗര ജീവിതത്തേയും ഉത്തരേന്ത്യൻ ഗ്രാമജീവിതത്തേയും ഫോട്ടോഗ്രാഫിയെപ്പോലും പിന്നിലാക്കുന്ന സൂഷ്മതയോടെ തന്റെ ജലച്ചായ ചിത്രങ്ങളിലൂടെ തെളിയിച്ചെടുത്ത ചിത്രകാരനാണ് ശരത് ചന്ദ്രൻ

ഇന്ത്യയുടെ മെട്രോമാൻ ഇ.ശ്രീധരന്റെ പഴ്സനൽ സെക്രട്ടിയായി വിരമിച്ച വിമലയാണ് ഭാര്യ. ആദിത്യ പണിക്കരാണ് മകൻ

Share Post

More Posts

Bridal Stories