ധനുഷ്ക്കയെ ഓർമ്മയുണ്ടോ ? ധനുഷ്ക്കയുടെ കുവി അമ്മയായി… 3 മക്കൾ !

പെട്ടിമുടി ഉരുൾപൊട്ടൽ ദുരന്തത്തിനിടെ ദേശീയശ്രദ്ധ പിടിച്ചുപറ്റിയ നായ ‘കുവി’ അമ്മയായി. കഴിഞ്ഞ ദിവസമാണ് 3 കുഞ്ഞുങ്ങളെ പ്രസവിച്ചത്. കൈമാറ്റങ്ങൾക്കൊടുവിൽ രണ്ടാഴ്ച മുൻപാണ് കുവി ചേർത്തലയിലെത്തിയത്. ഇടുക്കി ജില്ലാ ഡോഗ് സ്ക്വാഡിലെ പരിശീലകൻ ചേർത്തല കൃഷ്ണകൃപയിൽ അജിത് മാധവനാണ് കുവിയെ ഏറ്റെടുത്തത്. പെട്ടിമുടി ദുരന്തഭൂമിയിൽ നിന്നു തന്റെ കളിക്കൂട്ടുകാരി ധനുഷ്‌കയുടെ മൃതദേഹം കണ്ടെത്തിയതോടെയാണ് കുവി ശ്രദ്ധേയയായത്.പിന്നീടു ഭക്ഷണം കഴിക്കാതെ നടന്നിരുന്ന കുവിയെ അജിത് ഇണക്കിയെടുത്തിരുന്നു. അജിത്തിന് ഏറ്റെടുക്കാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും ഇടുക്കി ഡോഗ് സ്ക്വാഡ് കുവിയെ ദത്തെടുത്തു. അവിടെയും പരിശീലിപ്പിച്ചത് അജിത് തന്നെ. പിന്നീട് ധനുഷ്കയുടെ ബന്ധുക്കൾക്കു കൈമാറി. ഗർഭിണിയായ കുവി ഭക്ഷണം കഴിക്കാതെ അസ്വസ്ഥത പ്രകടിപ്പിച്ചതോടെ, രണ്ടാഴ്ച മുൻപ് ധനുഷ്കയുടെ ബന്ധുക്കൾ വിവരമറിയിക്കുകയും അജിത് എത്തി ഏറ്റെടുക്കുകയുമായിരുന്നു.പെട്ടിമുടിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മണ്ണിനടിയിലായ കൊച്ചുകുട്ടിയുടെ മൃതദേഹം കണ്ടെത്താന്‍ രക്ഷാപ്രവര്‍ത്തകരെ സഹായിച്ചതോടെയാണ് കുവി എന്ന നായ ശ്രദ്ധയാകര്‍ഷിച്ചത്. പാലത്തിനു കീഴെ ചപ്പുചവറുകള്‍ക്കിടയില്‍ അകപ്പെട്ടിരുന്നു കുട്ടിയുടെ മൃതദേഹം ഒട്ടേറെ ഏജന്‍സികളുടെ രക്ഷാപ്രവര്‍ത്തകര്‍ക്കും പൊലീസ് നായ്ക്കള്‍ക്കും 4 ദിവസം തിരഞ്ഞിട്ട് കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. കുവിയാണ് തന്‌റെ പ്രിയപ്പെട്ടവളുടെ ചേതനയറ്റ ശരീരം കണ്ടെത്തിയത്. തന്റെ കളിക്കൂട്ടുകാരിയെ തേടി കുവി അലഞ്ഞത് നാലു ദിവസമാണ്. അതും വിശപ്പും ദാഹവും സഹിച്ച്.അന്ന് അജിത്ത് കുവിയെ ഏറ്റെടുക്കാന്‍ തയാറായെങ്കിലും പൊലീസിലേക്ക് എടുക്കാമെന്ന് അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. അങ്ങനെ ഇടുക്കി പൊലീസിന്റെ ശ്വാനസേനയുടെ ഭാഗമായ കുവി കഴിഞ്ഞ 8 മാസം കൊണ്ട് പരിശീലനമുറകളെല്ലാം സ്വായത്തമാക്കിയിരുന്നു. ഒബീഡിയന്‍സ്, ഹീല്‍വാക്ക്, സ്‌മെല്ലിങ് തുടങ്ങിയവയെല്ലാം അവള്‍ പഠിച്ചെടുത്തിട്ടുണ്ട്. ഇതിനു പിന്നാലെയാണ് ഉടമകളെന്ന പേരില്‍ അവകാശികളെത്തി കുവിയെ കൊണ്ടുപോയത്.

Share Post

More Posts

Bridal Stories