കോഴിക്കോട് സ്വദേശി ആയ യുവാവിന് ഹോളിവുഡ് സിനിമയിലൂടെ അരങ്ങേറ്റം…

കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി സ്വദേശി എബിൻ ആന്റണി നായകനായി അരങ്ങേറ്റം കുറിച്ചത് ഇംഗ്ലീഷ് സിനിമയിൽ. അടുത്തിടെ അമേരിക്കയിൽ ആമസോൺ പ്രൈമിൽ റീലീസ് ചെയ്ത ഇംഗ്ലീഷ് ഫീച്ചർ ഫിലിമായ “സ്പോക്കൺ” എന്ന സിനിമയിൽ ടൈലർ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് കൊണ്ടാണ് എബിൻ ആന്റണി അരങ്ങേറ്റം കുറിച്ചിരിക്കുന്നത്. ടെനിൽ റാൻസം രചനയും, സംവിധാനവും നിർവ്വഹിച്ച ഹൊറർ സസ്പെൻസ് ത്രില്ലർ സിനിമയായ ഇതിൽ നായിക കഥാപാത്രത്തോട് അഭിനിവേശമുള്ള ഒരു സംഗീതജ്ഞനായിട്ടാണ്എ ബിൻ ടൈലർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.


വിദ്യാലയ കലാവേദികളിൽ നൃത്തം, നാടകം, മിമിക്രി തുടങ്ങിയ കലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച എബിൻ ആന്റണി സിനിമയുടെ സിരാകേന്ദ്രമായ ചെന്നൈയുടെ മടിത്തട്ടിൽ കളിച്ചു വളർന്നതു കൊണ്ട് സിനിമാ അഭിനയം പാഷനായി മനസ്സിൽ കൊണ്ടു നടക്കയായിരുന്നു. എഞ്ചിനിയറിങ്ങ് പഠനത്തിനിടയിൽ നൂറിലേറെ മലയാളം, തമിഴ്, ഇംഗ്ലീഷ് സിനിമകൾക്കും കാർട്ടൂണുകൾക്കും ഡബ്ബിങ്ങും ചെയ്തും തിരക്കഥകൾ എഴുതിയുമാണ് എബിൻ സിനിമാ മേഖലയിലേക്ക് ചുവടു വെച്ചത്. അമേരിക്കയിൽ ഉപരിപഠനാർത്ഥം എത്തിയപ്പോഴാണ് എബിന് വീണ്ടും അഭിനയിക്കാനുള്ള മോഹം ഉടലെടുത്തത്. പഠനത്തിന് ശേഷം അഭിനയം കൂടുതൽ മികവുറ്റതാക്കാൻ ലോസാഞ്ചൽസിലുള്ള ന്യൂയോർക്ക് ഫിലിം അക്കാദമിയിൽ ആക്ടിംഗ് പഠിച്ചു.


ലിയനാർഡോ ഡികാപ്രിയോയെ പോലുള്ള പല പ്രഗത്ഭരായ ഓസ്കാർ, എമി അവാർഡ് ജേതാക്കളുടെ ആക്ടിങ്ങ് കോച്ചായ ലാരി മോസിന്റെയും , റ്റിം ഫിലിപ്സിന്റെയും കീഴിൽ ഇപ്പോൾ അഭിനയം പരിശീലിച്ചു കൊണ്ടിരിക്കയാണ് എബിൻ.അതുപോലെ തന്നെ മുൻ യൂണിവേഴ്സിറ്റി സോക്കർ കളിക്കാരനും, മിക്സഡ് മാർഷ്യ ലാർട്ടിസ്റ്റും, നർത്തകനുമാണ്. ടോം ലെവിന്റെ “പാർട്ടി ” എന്ന നോവലിനെ ആസ്പദമാക്കി കെവിൻ സ്റ്റീവൻസൺ സംവിധാനം ചെയ്ത “ബട്ടർഫ്ലൈസ്” ആണ് എബിന്റെ അടുത്ത സിനിമ. ഈ വർഷം “ബട്ടർഫ്ലൈസ്” റിലീസ് ചെയ്യും. ഹോളിവുഡ് സിനിമകളിൽ അഭിനയിക്കുമ്പോഴും മാതൃഭാഷയായ മലയാളത്തിലും സ്വദേശ സിനിമകളിലും അഭിനയിച്ച് ശ്രദ്ധേയനാവണം എന്നാണത്രേ ലക്ഷ്യം. അതിനായുള്ള പരിശ്രമത്തിലും കൂടിയാണ് എബിൻ ആന്റണി.

Share Post

More Posts

Bridal Stories