കാനായി നോർത്ത് യുപി സ്കൂൾ അധ്യാപിക മണിയറ സ്വദേശി അനീഷയും മകൾ പയ്യന്നൂർ കോളജ് രണ്ടാം വർഷ ഡിഗ്രി വിദ്യാർഥിനി മധുരിമയും കശ്മീരിലേക്ക്. കഴിഞ്ഞ വർഷം വിവാഹ വാർഷികത്തിനാണ് ഭർത്താവ് മധുസൂദനൻ ബൈക്ക് സമ്മാനിച്ചത്. അന്നേ മനസ്സിലുണ്ട് ഒരു നീണ്ട യാത്ര.

ലഡാക്കിലേക്ക് ഒരു യാത്രയെന്ന ആശയം അമ്മ പറഞ്ഞപ്പോൾ മകൾക്കും മറിച്ചൊരഭിപ്രായമുണ്ടായില്ല. ആദ്യം പരീക്ഷണ ഓട്ടമായിരുന്നു, മൈസൂരുവിലേക്ക്. ഇതു വിജയിച്ചതോടെ അമ്മയും മകളും ചേർന്നു കശ്മീരിലേക്കുള്ള ട്രിപ്പ് പ്ലാൻ ചെയ്തു. ഒടുവിൽ ജൂലൈ 14 ന് അവർ പയ്യന്നൂരിൽ നിന്ന് അവർ ബുള്ളറ്റിൽ യാത്ര തുടങ്ങുകയായിരുന്നു.

അമ്മയും മകളും മാത്രമായി കാശ്മീരിലെ ലഡാക്ക് വരെ ഒരു യാത്ര. അതും ബുള്ളറ്റിൽ. പലരും കേട്ടപ്പോൾ നെറ്റി ചുളിച്ചു. എന്നാൽ ആറ് നാൾ കൊണ്ട് രാജസ്ഥാനിലെത്തിയതോടെ സ്വപ്നം യാഥാർഥ്യത്തോടടുക്കുകയാണെന്ന് ഈ അമ്മയും മകളും.

